കടയ്ക്കൽ നടന്ന കൊല്ലം ജില്ലാ സമ്മേളന വേദിയിൽ കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ അവതരിപ്പിച്ച അവതരിപ്പിച്ച ‘മിസ’എന്ന നാടകം കാഴ്ചക്കാരെ ഇരുളടഞ്ഞ അടിയന്തരാവസ്ഥയുടെ നാളുകളിലേയ്ക്ക് കൂട്ടികൊണ്ട് പോയി.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അടിയന്തരാവസ്ഥ ഒരു ഭരണപരമായ തീരുമാനം മാത്രമായിരുന്നില്ല.ഒരു രാഷ്ട്രത്തിന്റെ ശ്വാസകോശത്തിൽ കയറ്റിയ ഇരുമ്പ് കുരുക്കായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും അധികം പ്രയാസം നിറഞ്ഞ ഏടുകളായിരുന്നു അടിയന്തരാവസ്ഥ. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ ഭയം, നിശബ്ദത, അറസ്റ്റ്, പീഡനം, സെൻസർഷിപ്പ്, തടവ് എന്നിങ്ങനെ അനുഭവങ്ങൾക്ക് അരംകൂർപ്പിച്ച ദിനങ്ങളായിരുന്നു.

കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ അവതരിപ്പിച്ച ഈ നാടകം ചരിത്രത്തിന്റെ ഒരു പുനരാവിഷ്കാരo മാത്രമല്ല,മറിച്ച് ചരിത്രത്തിന്റെ നീണ്ട നിഴൽ ഇന്നും നമ്മുടെ മേൽ വീഴുന്നില്ലേ എന്ന യാഥാർത്ഥ്യം കൂടിയാണ്

നാടകം ആരംഭിക്കുന്നത് ചോരയും ചൂഷണവും കലർന്ന ഇന്ത്യൻ യാഥാർത്ഥ്യങ്ങളിൽ നിന്നാണ്……
കരിമ്പ് തോട്ടങ്ങളിൽ ഗർഭപാത്രം നഷ്ടപ്പെട്ട സ്ത്രീ തൊഴിലാളികൾ……
ഫാക്ടറികളിൽ തീയിൽ വെന്തുമരിക്കുന്ന പാവങ്ങൾ……കോർപ്പറേറ്റ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികൾ,……. പാർശ്വവൽക്കരിക്കപ്പെട്ട അവർണ്ണ ജനവിഭാഗങ്ങൾ……ഇവരൊക്കെയാണ് ഈ നാടകത്തിന്റെ കഥാപാത്രങ്ങൾ.

ഈ നാടകത്തിൽ സ്നേഹലത ഒരു വ്യക്തി മാത്രമല്ല,ചോദ്യം ചോദിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട എല്ലാ കലാകാരന്മാരുടെയും എഴുത്തുകാരുടെയും പ്രതിനിധിയാണ് ,അവിടെ ജനിക്കുന്ന “മിസ” എന്ന കുഞ്ഞ് ഒരു കഥാപാത്രമല്ല…… ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്….

നാടകാനന്തരം കഥാപാത്രങ്ങളായി വേഷമിട്ടവരെ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ പൊന്നാട ഇട്ട് അനുമോദിച്ചു.

പരിപാടി അവസാനിച്ചപ്പോൾ വേദിയിലെ വിളക്കുകൾ അണഞ്ഞു. പക്ഷേ മനസ്സിൽ തെളിഞ്ഞ ചോദ്യങ്ങൾ അണഞ്ഞില്ല.
കാരണം “മിസ” ഒരു നാടകമല്ല…
അത് ജനാധിപത്യത്തിന്റെ കാവൽക്കാരനായി ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു മുന്നറിയിപ്പാണ്.മറക്കാതിരിക്കാൻ… വീണ്ടും ആവർത്തിക്കാതിരിക്കാൻ…